കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ ഡി.ടി.ഡി.എസ് കൊറിയര്‍ സ്ഥാപനം നടത്തിപ്പുകാരനായ വിദ്യാനഗര്‍ പന്നിപ്പാറയിലെ ബാലക്യഷ്‌ണനെ(32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്‌തു. 10 വര്‍ഷത്തോളമായി ദുബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന നായന്മാര്‍മൂലയിലെ ഇഖു എന്ന ഇഖ്‌ബാലിനെ (36) സി.ബി.ഐ ചൊവ്വാഴ്‌ച വൈകിട്ടാണ് ചട്ടഞ്ചാലില്‍ വെച്ച് അറസ്‌റ്റ് ചെയ്‌തത്. ഗള്‍ഫിലായിരുന്ന ഇഖ്‌ബാല്‍ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയെന്ന് സി.ബി.ഐ സംഘത്തിന് സൂചന ലഭിച്ചിരുന്നു.
2001 സെപ്‌തംബറിലാണ് ബാലക്യഷ്‌ണനെ വീട്ടില്‍ നിന്നും വിളിച്ച് ഇറക്കി കൊണ്ടുപോയി അഞ്ചംഗ സംഘം ചെമ്മനാട് കടവത്ത് വെച്ച് ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. മുസ്‌ലിം പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പ്രതികാരമായാണ്‌ത്രെ പ്രതികളും സുഹ്യത്തുക്കളുമായ ഇഖ്‌ബാലും സംഘവും ചേര്‍ന്ന് കൃത്യം നിര്‍വഹിച്ചത് .കേസിലെ മറ്റു പ്രതികളായ ജാക്കി ഹനീഫ, ഹമീദ്, തുടങ്ങിയ നാലു പേരെ നേരത്തെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒരു വര്‍ഷം മുമ്പാണ് ഹൈകോടതി നിര്‍ദ്ദേശ പ്രകാരം സി.ബി.ഐ ഏറ്റെടുത്തത്. ക്യത്യം നടന്ന ഉടനെ മുംബൈ വഴി വ്യാജ പാസ്‌പോര്‍ട്ടില്‍ ഗള്‍ഫില്‍ കടന്ന ഇഖ്‌ബാലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും തേടിയിരുന്നു. പ്രതിയെ എറണാകുളം കോടതിയില്‍ ഹാജരാക്കുമെന്ന്‌് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
|