ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ജീവനക്കാരടക്കം 159 പേരുമായി യാത്രാവിമാനം തകര്‍ന്നുവീണു. തലസ്ഥാനമായ ഇസ്‌ലാമാബാദിന് സമീപമുള്ള മര്‍ഗല മലമ്പ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നത്. തുര്‍ക്കിയില്‍നിന്ന് കറാച്ചിവഴി ഇസ്‌ലാമാബാദിലേക്ക് വന്ന എയര്‍ബ്ലൂ എന്ന സ്വകാര്യ കമ്പനിയുടെ എയര്‍ബസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. കനത്ത മഴയും മഞ്ഞുമാണ് അപകട കാരണമെന്നാണ് ആദ്യ നിഗമനം.
സൈനിക ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റ അഞ്ചുപേരെ അപകട സ്ഥലത്തുനിന്ന് രക്ഷപെടുത്തിയതായി ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് പറഞ്ഞു. മര്‍ഗല മലമ്പ്രദേശത്തെ ദമാന്‍ ഇ കോ വ്യൂ പോയിന്റിന് സമീപമാണ് വിമാനം തകര്‍ന്നു വീണത്.
153 യാത്രക്കാരും ആറ് ജോലിക്കാരുമാണ് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് പാകിസ്താന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ലാന്‍ഡുചെയ്യാന്‍ ശ്രമിക്കവെയാണ് വിമാനം തകര്‍ന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. രാവിലെ 7.50 നാണ് വിമാനം കറാച്ചി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് വിമാനം റെഡാറില്‍നിന്ന് അപ്രത്യക്ഷമായി.
പ്രദേശത്ത് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നുണ്ട്. അപകടത്തിന് തൊട്ടുമുന്‍പ് വിമാനം ഏറെ താഴ്ന്നു പറന്നതായും പെന്നെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് മലനിരകളിലേക്ക് പതിച്ചതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇസ്‌ലാമാബാദിലെ എല്ലാ ആസ്പത്രികളിലും പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
റോഡുമാര്‍ഗ്ഗം എത്താന്‍ കഴിയാത്ത പ്രദേശത്താണ് വിമാനം തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകട സ്ഥലത്ത് എത്താനുള്ള ശ്രമങ്ങള്‍ക്ക് ഇത് തടസമായി. കനത്ത മഴയും രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇടയാക്കി. സൈന്യത്തിന്റെ പത്തോളം ഹെലിക്കോപ്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് തീയും പുകയും ഉയരുന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പാകിസ്താനിലെ സ്വകാര്യ വിമാനക്കമ്പനിയാണ് എയര്‍ബ്ലൂ.
അപകടത്തിന് കാരണം അട്ടിമറിയാണെന്ന് കരുതുന്നില്ലെന്ന് പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താര്‍ പറഞ്ഞു. തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. കറാച്ചിയില്‍നിന്ന് പറന്നുയര്‍ന്ന് 90 മിനിട്ടിനുശേഷമാണ് വിമാനം തകര്‍ന്നത്. പ്രാദേശിക സമയം 9.45 വരെ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു
|