ചോദ്യപേപ്പര്‍ വിവാദത്തില്‍ ഉള്‍പ്പെട്ട അധ്യാപകനായ ടി ജെ ജോസഫിനെ തീവ്രവാദികള്‍ കാത്തിരുന്ന് ആക്രമിക്കുമെന്ന് കരുതിയില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മന്ത്രിസഭായോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യാപകന് ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്‍റെ പേരില്‍ ഭീഷണിയുണ്‌ടായിരുന്നതിനാല്‍ പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍, പിന്നീടത് സ്വാഭാവികമായും കുറച്ചുകൊണ്‌ടു വരികയായിരുന്നു. ജോസഫിനെ ആക്രമിക്കാന്‍ തീവ്രവാദികള്‍ കരുതിക്കൂട്ടി കാത്തിരിക്കുകയാണെന്നു മനസ്സിലാക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സമുദായത്തിലും വര്‍ഗീയ പാര്‍ട്ടികളിലും തീവ്രവാദികളുണ്ട്. അവരെ കൈകാര്യം ചെയ്യുക തന്നെ വേണം. ഇത് ഒരു സമുദായത്തില്‍ മാത്രമല്ലെന്നും ഇത്തരക്കാരെ കണ്ടുപിടിച്ച് ഒതുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ ഇന്‍റലിജന്‍സ് വീഴ്ചയുണ്ടെന്നത് ആക്ഷേപം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതിന് മാത്രമായി ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായും വി എസ് അറിയിച്ചു. പുതിയ അന്വേഷണ ഏജന്‍സിയുടെ തലവനെ ആഭ്യന്തരവകുപ്പ് ആയിരിക്കും തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
|