കണ്ണൂര്: ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ ഗേഹമായ മക്കയിലെ കഅബയ്‌ക്കു മുകളില് ഇന്ന് സൂര്യന് ജ്വലിച്ചുനില്‍ക്കും. ഇന്ത്യന് സമയം ഉച്ചയ്‌ക്കു ശേഷം 2.57നാണ് ലോകത്ത് ഏകദൈവാരാധനയ്‌ക്കായി ആദ്യമായി പടുത്തുയര്‍ത്തിയ സൗദി അറേബ്യയിലെ കഅബാലയത്തിന്റെ ഉച്ചിയില് സൂര്യന് എത്തുന്നത്. ലോകം മുഴുവനുമുള്ള മുസ്‌ലിംകള് ഖിബ്‌ലയായാണ് കഅബയെ കണക്കാക്കുന്നത്. മുസ്‌ലികള് അഞ്ചുനേരത്തെ നിര്‍ബന്ധ പ്രാര്‍ഥനകള്‍ക്കും ഐച്ഛിക പ്രാര്‍ഥനാവേളകളിലും കഅബാലയം നില്‍ക്കുന്ന ഭാഗത്തേക്കു തിരിഞ്ഞാണ് നമസ്‌കരിക്കാറുള്ളത്. വിശുദ്ധ ഗേഹത്തിനു മുകളില് സൂര്യന് വരുമ്പോള് ലോകത്തിന്റെ ഏതുഭാഗത്തുനിന്നും കഅബയുടെ ദിശ നിഴല് നോക്കി മനസ്സിലാക്കാം. ഭൂഖണ്ഡത്തിലെ എല്ലാ ഭാഗങ്ങളില് നിന്നും ദിവസത്തിന്റെ എല്ലാനേരവും കഅബ കിബ്‌ലയാക്കി പ്രാര്‍ഥനകള് നടന്നുകൊണ്ടിരിക്കുന്നു. ഭൂമധ്യരേഖയ്‌ക്ക് വടക്ക് 21 ഡിഗ്രിക്കും 25നും അക്ഷാംശം 39-40 കിഴക്കുമായാണ് കഅബയുള്ളത്. വര്‍ഷത്തില് രണ്ടുപ്രാവശ്യം സൂര്യന് ഇങ്ങനെ കഅബയ്‌ക്കു മുകളില് വരും. ഈ വര്‍ഷം രണ്ടാമത്തെ തവണയാണിത്. 192 രാജ്യങ്ങളാണ് യു.എന് കണക്കുപ്രകാരം ലോകത്തുള്ളത്. ഇതില് 50ല് പരം രാജ്യങ്ങളില് മുസ്‌ലിംകള് ഭൂരിപക്ഷമാണ്. ലോക ജനസംഖ്യയുടെ 23 ശതമാനം വരുന്ന മുസ്‌ലിം ലോകത്തിന്റെ ആത്മീയ സിരാകേന്ദ്രമാണ് കഅബ. കടല്‍നിരപ്പില് നിന്ന് 1,000 അടി ഉയരത്തിലുള്ള അതിപുരാതന നഗരമായ മക്കയിലാണ് കഅബ. ആദ്യ പിതാവായ ആദം പ്രവാചകന് പണിയുകയും ദൈവത്തിന്റെ കൂട്ടുകാരന് എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകന് ഇബ്രാഹീമിന്റെയും മകന് ഇസ്‌മാഈലിന്റെയും കാലത്ത് പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്‌തതാണ് കഅബാലയം. അന്ത്യപ്രവാചകന് മുഹമ്മദ് നബിയുടെ കാലത്തും കഅബ പുനര്‍നിര്‍മാണം നടത്തി. 39 അടി 6 ഇഞ്ച് ഉയരമുള്ള കഅബാലയത്തിന്റെ ഇന്നത്തെ വിശുദ്ധ ഗേഹം ചരിത്രകാരന്‍മാര് രേഖപ്പെടുത്തിയപ്രകാരം 12 തവണ പുതുക്കിപ്പണിതിട്ടുണ്ട്. മനുഷ്യകുലത്തിന്റെ അത്രയുമോ അതില് കൂടുതലോ കാലത്തെ ചരിത്രം പറയുന്ന ഈ ഗേഹത്തെയല്ല മുസ്‌ലിംകള് ആരാധിക്കുന്നത്. എന്നാല് ഓരോ പ്രാര്‍ഥനാവേളയിലും മുസല്‍മാന്റെ മനോമുകുരങ്ങളില് കറുത്ത പട്ടില് പൊതിഞ്ഞ ആ ഗേഹം തെളിഞ്ഞുവരും. തെളിഞ്ഞ ആകാശമാണെങ്കില് വിശ്വാസികള്‍ക്ക് നിഴല് നോക്കി കഅബയുടെ യഥാര്‍ഥ ദിശ കണ്ടുപിടിക്കാം.
|