സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ

ഹിജ്‌റ 1365 ജമാദുൽ ആഖിർ 25ന് സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ അഹ്ദൽ തങ്ങളുടെയും സയ്യിദത്ത് ശരീഫ ഫാതിമ ബീവിയുടെയും മകനായി ജനിച്ചു. ചെറുപ്പകാലത്ത് തന്നെ സൂക്ഷ്മമായ ജീവിതം പുലർത്തിയ തങ്ങൾ ചാലിയപ്പുറം അബ്ദുല്ല മുസ്ലിയാർ, ബഷീർ മുസ്ലിയാർ മഞ്ചേരി, കണ്ണീയത്ത് അഹ്മദ് മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, ഇ കെ അബുബക്കർ മുസ്ലിയാർ തുടങ്ങിയവരിൽ നിന്ന് മത വിജ്ഞാനം കരസ്ഥമാക്കി. പഠന കാലത്ത് തന്നെ സുന്നത്തുകളെ പരിഗണിക്കുന്നതിൽ വളരെ സൂക്ഷ്മത കാണിച്ചു. ഉസ്താദുമാർ ' മുത്തബിഉസ്സുന്ന' എന്ന് പോലും സ്‌നേഹപൂർവ്വം അഭിസംഭോദനം ചെയ്തു.

പഠനാനന്തരം പ്രബോധന മേഖല തേടി കാസർകോടെത്തി. ദർസ്സ് മേഖലയിൽ സജീവമായി ഇടപെടുന്നതിനൊപ്പം ഇസ്ലാമിക ദഅ്‌വത്തിന്റെ സാധ്യതകൾ പഠിച്ചു. ഒഴിവ് സമയം കെത്തി ഇടപെടലുകൾ നടത്തി. 'ബിധഈ' മേഖലയിലടക്കം ശാന്തനായി കടന്ന് ചെന്നു മാറ്റങ്ങൾ രൂപപ്പെട്ടു.തങ്ങളിലൂടെ ഒരു പരിഷ്‌കർത്താവിനെയാണ് ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞത്.

വീണ്ടും പുതിയ ചിന്തകൾ രൂപപ്പെട്ടു. വിജ്ഞാന വിപ്ലവവും സാധു സംരക്ഷണ മേഖലയുമായിരുന്നു അത്. അങ്ങനെയാണ് മുഹിമ്മാത്ത് പിറവികൊള്ളുന്നത്. അഗതി അനാഥ സംരക്ഷണവും ജ്ഞാന സമൂഹത്തിന്റെ നിർമ്മിതിയും എന്ന തങ്ങളുടെ സ്വപ്നം മുഹിമ്മാത്തിലൂടെ സാധിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അള്ളാഹുവിന്റെ റഹ്മത്തിലേക്ക് തങ്ങൾ പറന്നകന്നത്. ഹിജ്‌റ 1426 ശഅബാൻ 10ന് തന്റെ 62ാം വയസ്സിലായിരുന്നു അത്. അന്ത്യവിശ്രമ കേന്ദ്രമായി തങ്ങൾ തെരഞ്ഞെടുത്തത് താൻ നട്ടു വളർത്തിയ മുഹിമ്മാത്ത് ക്യാമ്പസിൽ സ്വന്തം ഒരുക്കി വെച്ച സ്ഥലം തന്നെയായിരുന്നു. പിതാവ് കോയഞ്ഞിക്കോയ തങ്ങളിൽ നിന്നും മറ്റ് മഹാന്മാരിൽ നിന്നും ഖാദിരിയ്യ: രിഫായിയ്യ: അടക്കമുള്ള തരീഖത്തുകളും ഇജാസത്തുകളും തങ്ങൾ സ്വീകരിച്ചിട്ടുണ്ട്.